Monday, July 19, 2010

മഴപെയ്യുന്ന വൈകുന്നേരങ്ങള്...

വീണ്ടും ഓ൪മ്മവരും....മഴപെയ്യുന്ന വൈകുന്നേരങ്ങള്....വയലിനരികിലുള്ള ഞങ്ങളുടെ കൊച്ചുവീട്.മഴവെള്ളം വീണ് കുതി൪ന്ന ഇടവഴികള്..നിറഞ്ഞുകവിഞ്ഞ തോടും കുളവും. വാക്കുകള്ക്കും വിവരണങ്ങള്ക്കുമപ്പുറം എന്റ പേനത്തുമ്പില് മഴ ഇടമുറിയാതെ പെയ്തെങ്ങങ്കില്....

ഇരുട്ടില് പുറത്തുപെയ്യുന്ന ക൪ക്കിടകമഴയില് ഈയലുകള് ഭുമിക്കടിയില് നിന്നും പുറത്തുവരും...ഒറ്റച്ചിമ്മിണി വെളിച്ചത്തിനു ചുറ്റും അവ പറന്നുകളിക്കും. നൂറ്റാണ്ടിനുപഴക്കമുള്ള ഓട്ടു ഭരണിപോലെ മുഖമുള്ള എന്റ മുത്തിയമ്മയുടെ മടിയില് തലവെച്ച് ഞാന് ഉറങ്ങാതെ കിടക്കും...

മുത്തിയമ്മക്ക് ബുദ്ധന്റ കാതുകളായിരുന്നു...തോടയിട്ട് വലുതായ കാതുകള്...മുഖം നിറയെ കാലം ഏല്പ്പിച്ച ചുളിവുകള് വടുക്കള്...വായില് രണ്ടേ രണ്ടു പല്ലുകള്...

ഓലമേഞ്ഞ വീടിന്റ ചായ്പ്പിലൂടെ അരിച്ചിറങ്ങുന്ന മഴവെള്ളനൂലുകളെ നോക്കി..മുത്തിയമ്മയുടെ നെഞ്ചില് തലവെച്ച്, ഞാന് എന്ന മൂന്നുവയസ്സുകാരന്...തൊണ്ണുറുകളിലെ വെള്ളപ്പൊക്കത്തെപ്പറ്റിയും കൊടുങ്കാറ്റിനെപ്പറ്റിയും കേട്ടുകിടക്കും...കഥകളില് മൂക്കന് ചാത്തനും മാടനും...ഒറ്റമുലച്ചിയും കടന്നുവരും..ആ രാത്രികള്ക്ക് തൈല്ത്തിന്റയും മുറുക്കാന് പുകയിലയുടെയും ഗന്ധമായിരുന്നു...

ഇടിമിന്നലുള്ള രാത്രികളില് കംഗാരുകുഞ്ഞിനെപ്പോലെ ഒരു പുതപ്പിനുള്ളില് മുത്തിയമ്മ എന്നെ ഒളിപ്പിക്കും...മുത്തിയമ്മയുടെ ഭ൪ത്താവും മക്കളും മുന്പേ മരിച്ചുപോയതായിരുന്നു...മഠത്തിപ്പറമ്പില് ഉണ്ണുനീലി പത്തുപെറ്റതായിരുന്നു...പത്തും മരിച്ചു...വസൂരിയായിരുന്നു...വീടിനുള്ളില് മരണം കയറിയിറങ്ങിപ്പൊയ ആ നാളുകളെക്കുറിച്ചുപറയുമ്പൊള് മുത്തിയമ്മയുടെ കണ്ണിലൂടെ മഴപെയ്യുന്നത് ഞാന് കണ്ടിട്ടുണ്ട്....

മഴപിന്നെയും പിന്നെയും പെയ്തുകൊണ്ടിരുന്നു.......

വീടിനുപുറകിലെ മുത്തന്മാവ് ഞാരുപിരിയനായിരുന്നു.നിറയെ ഞാരുകളുള്ള മാമ്പഴം...രാവിലെ ഉണ൪ന്നയുടെനെ ഞാന് മാവിന്ചോട്ടിലേക്കുപോകുമായിരുന്നു...കാറ്റത്തുവീണ മാമ്പഴങ്ങള്...ചിലത് പൊട്ടിപ്പൊളിഞ്ഞു കിടക്കും മറ്റു ചില്ത് കാക്കകള് കൊത്തിവലിക്കുന്നുണ്ടാവും...

No comments:

Post a Comment

താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താം