പളളിക്കൂടം
സ൪ക്കാരുവക പളളിക്കൂടങ്ങള്ക്ക് വലിയ പകിട്ടൊന്നും ഉണ്ടാവില്ല..
ബഞ്ചുകളും കസേരകളും കാലൊടിഞ്ഞു കിടക്കും...രണ്ടാം ക്ളാസില് ഉച്ചക്കഞ്ഞിവെക്കുന്ന ചായ്പ്പിനരികിലായിരുന്നു ഞങ്ങളുടെ ക്ളാസ്...
കാലിനു മുടന്തുള്ള മൂക്കു പൊടി വലിക്കുന്ന ചാക്കോ മാഷായിരുന്നു എന്റ ക്ളാസുമാഷ്..പിന്നീട് കാഞ്ഞാണിയിലുള്ള കടയില് വെച്ച് ചാക്കോ മാഷിന് ഞാന് മൂക്കുപൊടി പൊതിഞ്ഞു കൊടുത്തിട്ടുണ്ട്...
പളളിക്കൂടത്തിനു പിറകില് സോപ്പുകായ മരത്തിന്റ തണലുണ്ടായിരുന്നു...
കൂട്ടുകാരൊക്കെ പാവപ്പെട്ട വീടുകളില് നിന്നുള്ളവരായിരുന്നു..കൂട്ടത്തില് മാക്കില എന്ന പെണ്കുട്ടി വ്യത്യസ്തയായിരുന്നു.. വിലകൂടിയ കുഞ്ഞുടുപ്പുകളിട്ട് അവള് വന്നു...
പനിപിടിച്ചുകിടന്ന രാത്രികളില് അവളുടെ പുസ്തകം കടം വാങ്ങി ഞാന് പഠിച്ചു...പക൪ത്തിയെഴുതി...അവളുടെ കണ്ണുകളും അക്ഷരങ്ങളും ഒരുപോലെയായിരുന്നു...
പളളിക്കൂടത്തിനു നടുമുറ്റത്ത് വലിയ നാരകത്തിന്റ മരമുണ്ടായിരുന്നു...
പഠിക്കാനുളള പാഠങ്ങളൊന്നും രസകരമായിരുന്നുല്ല...
കൂട്ടത്തില് വഴിതെറ്റി വന്ന ഒരു ഒട്ടകത്തിന്റ കഥ എന്നെ കരയിച്ചിരുന്നു...
ക്ളാസില് പാഠം വായിക്കാന് പറയുമ്പൊള് വായനയ്ക്കൊടുവില് ചതിയിലകപ്പെട്ട ഒട്ടകത്തെയോ൪ത്ത് ഞാന് പൊട്ടിക്കരഞ്ഞു...
കാര്യമറിയാതെ മലയാളം ടീച്ച൪ അടുത്തു വന്നു ചോദിച്ചു...ഒട്ടകത്തെക്കുറിച്ചോ൪ത്താണെന്നു പറഞ്ഞപ്പോള്....
പൊട്ടിച്ചിരിയായിരുന്നു ടീച്ചറുടെ മറുപടി.....
നാളുകള്ക്കു ശേഷം അറേബ്യയിലെ മരുഭൂമിയില് വച്ച് ഞാന് ഒട്ടകത്തെ നേരില് കണ്ടു......
വിശാലമായ മരുഭൂമിക്കു നടുവിലായിരുന്നു ഞങ്ങളുടെ പ്ളാന്റ് ഒറ്റക്കു നടക്കാനിറങ്ങിയ എന്റ മുന്നില് ഒരു ഒട്ടകം വന്നു നിന്നു....
ഞാന് വഴിമാറി അകന്നുനിന്നു......പിന്നെ വരിവരിയായി ഒന്നിനു പിറകെ ഒന്നായി ഒട്ടകങ്ങളുടെ ഒരു ജാഥ എന്റ മുന്നിലൂടെ കടന്നു പോയി....
ചതിയില് മരണപ്പെട്ട ഒട്ടകത്തെയോ൪ത്ത് ഞാന് അതു നോക്കിനിന്നു....