Showing posts with label വരാലുകള് പ്രസവിക്കുന്ന സമയം.... Show all posts
Showing posts with label വരാലുകള് പ്രസവിക്കുന്ന സമയം.... Show all posts

Friday, July 23, 2010

വരാലുകള് പ്രസവിക്കുന്ന സമയം...

ചാത്തന് കുളം,,,
ഭൂമിക്കടിയില് നരകമാണെന്നും അവിടെ എപ്പൊഴും തീമഴയാണെന്നും പറഞ്ഞത് മുത്തിയമ്മയായിരുന്നു...മുഖത്തെ ചുളിവുകള് ചിമ്മിനി വെളിച്ചത്തില് തെളിയും.. കണ്ണുകളുടെ ആഴങ്ങളില് നിന്നും ഭീതിയുടെ കനലാട്ടം കാണിച്ച് അമ്മ നരകത്തെപ്പറ്റി പറയും..

നരകത്തിന്റ ഉപമയായിരുന്നു ചാത്തന് കുളം..കല്ലുവെട്ടിയെടുത്ത കുത്തനെയുള്ള ആഴമായിരുന്നു ചാത്തന്കുളം..നിറയെ കുളവാഴകളാണ്...മുകളിലൂടെ കുളക്കോഴികള് പമ്മി നടക്കും...

മഴപെയ്യുന്ന നാളുകളില് വരാലുകള് പ്രസവിക്കും...പാറ്റുമെന്നാണ് ഞങ്ങള് പറയുക..വരാലുകുട്ടികള്ക്ക് ചുകപ്പു നിറമാണ്..ഒരുമിച്ചു പറക്കുന്ന കിളികളെപ്പോലെ അവ വെള്ളത്തിനു മുകളിലൂടെ നീന്തും....അടിയില് എല്ലാം നിരീക്ഷിച്ച് ആണ്മീനും പെണ്മീനും....

പടിഞ്ഞാറെ വീട്ടിലെ ഗണപതി ദ്രാവീഡനാകുന്നു...കുറുകിയ ശരീരം...ബീഢിവലിച്ചു കറുത്ത ചുണ്ടുകള്,,,,കറുത്ത ഗണപതിയെ കണോതിയെന്നു നാട്ടുകാ൪ വിളിച്ചു..

വരാലിനെ പിടിക്കുന്ന വിദ്യ എന്നെ പഠിപ്പിച്ചത് കണോതിയായിരുന്നു...തട്ടിന്പുറത്തെ പഴയപെട്ടിക്കിയില് നിന്നോ..തോട്ടിന് വക്കത്തെ കറുത്തമണ്ണില് നിന്നോ ചീവീടുകളെ പിടിക്കലാണാ ആദ്യത്തെപ്പണി...

ചൂണ്ടക്കൊളുത്തിനു അറ്റത്ത് ജീവനുള്ള ചീവീടിനെ കുത്തിയിടും..പാറിനടക്കുന്ന വരാല് കുഞ്ഞുങ്ങള്ക്കു മുകളില് ചൂണ്ടയെറിയും..കുഞ്ഞിനെ ആക്രമിക്കാന് വന്ന ശത്രുവാണെന്നു കരുതി പെണ്മത്സ്യം ചുണ്ടയില് കൊരുക്കും...ചൂണ്ടയാണെന്നു ചിന്തിക്കാനുള്ള സമയം പോലും പാവം പെണ്മീനിനുകിട്ടില്ല് കാരണം അതിലും വലുതായിരിക്കും അതിന്റ കുഞ്ഞിനോടുള്ള സ്നേഹം...

ചൂണ്ടകളുടെ അറ്റത്ത് ചിലപ്പെള് പ്രലോഭനങ്ങളാവും മറ്റു ചിലപ്പോള് ഭീഷണികളും...ഒടുവില് ചൂണ്ടയുടെ അറ്റത്തുകിടന്നു പിടക്കുകയല്ലാതെ പാവം വരാലിനു വേറ വഴിയില്ല...

മഴപെയ്യുന്ന രാത്രികളില് ഞങ്ങള് ചെവിമൂടുന്ന തൊപ്പികളുമായി പുറത്തുകടക്കും...ചാത്തന്കുളവും അമ്മാവന് തോടുംകടന്ന് ചന്തപ്പാടം പരന്നുകിടക്കും..മഴതക൪ത്തു പെയ്യുകയായിരക്കും....

മഴയുടെ താളനിബദ്ധമായ ആരോഹണഅവരോഹണങ്ങള്ക്കിടയില് രാത്രിയുടെ ചീവീടുകളുടെ ശബ്ദം നിറയും...ചില രാത്രികള് നിലാവുമുണ്ടായിരുന്നു....വാക്കിലെ വ൪ണ്ണനകള്ക്കപ്പുറം...നിലാവിലെ മഴ ഒരു അനുഭവം മാത്രമാണ്...പ്രണയം പോലെ വാക്കുകള്ക്കതീതം...ഇരുട്ടില് വലിയ വാക്കത്തികളുമായി..ശക്തിയേറിയ ടോ൪ച്ചുകളുമായി ഞങ്ങള് തവളകളേയും മീനുകളേയും വേട്ടയാടി....ചാറല് മഴയത്ത് വലിയമീനുകള് കരയിലേക്കുകയറിവരും.....നിലാവുള്ള രാത്രികള് മീനുകള്ക്ക് ചിറകുമുളക്കുമെന്ന് പറഞ്ഞു തന്നത് മുത്തിയമ്മയായിരുന്നു...ചന്തപ്പാടത്തിന്റ അറ്റത്തിനപ്പുറം എന്റ സ്വപ്നങ്ങളില് ചിറകുള്ള മത്സ്യങ്ങല് പറന്നു നടന്നു....അവ പക്ഷികളെപ്പോലെ പീലി വാകയുടെ ചില്ലകളില് കൂടുകള് കൂട്ടി....മുട്ടകളിട്ടു....